കമ്മ്യൂണിറ്റി സുരക്ഷാ റിപ്പോർട്ടും കൗമാരക്കാർക്കുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങളും
ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന AI ഉൽപ്പന്നങ്ങളിലൊന്നാണ് ChatGPT. വരാൻ സാധ്യതയുള്ള അപകടങ്ങൾ കണ്ടെത്താനും, ആശങ്കാജനകമായ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും, വിശ്വസനീയമായ ഭീഷണികളെ ഉയർന്ന തലങ്ങളിൽ എത്തിച്ച് പരിഹരിക്കാനുമായി ഈ രംഗത്തെ ഏറ്റവും അത്യാധുനികമായ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ മേഖലയിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഞങ്ങൾ രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തുകയാണ്: ഒരു പുതിയ കമ്യൂണിറ്റി സേഫ്ഗാർഡ്സ് റിപ്പോർട്ടും പ്രായപൂർത്തിയാകാത്തവർക്കായി തോക്കുകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളിൽ ഏർപ്പെടുത്തുന്ന കൂടുതൽ നിയന്ത്രണങ്ങളും.
കമ്മ്യൂണിറ്റികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് OpenAI-യുടെ പ്രധാന മുൻഗണനകളിൽ ഒന്നാണ്. അക്രമം ഉണ്ടാകാൻ സാധ്യതയുള്ള ഉടനടിയുള്ള ഭീഷണികൾ നിയമപാലകരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു, കൂടാതെ 2026-ലെ Q3-ൽ ഇത്തരത്തിലുള്ള 200-ലധികം വിവരങ്ങൾ ഞങ്ങൾ നിയമപാലകർക്ക് കൈമാറിയിട്ടുണ്ട്. അക്രമ സ്വഭാവമുള്ള ഗൂഢാലോചനകളെ തടയുന്നതിൽ ഈ വിവരക്കൈമാറ്റങ്ങൾ ഗുണപരമായ(പുതിയ വിൻഡോയിൽ തുറക്കുന്നു) മാറ്റങ്ങൾ(പുതിയ വിൻഡോയിൽ തുറക്കുന്നു) ഉണ്ടാക്കുന്നുണ്ട്. സങ്കീർണ്ണമായ കേസുകൾ വിലയിരുത്താൻ മാനസികാരോഗ്യ വിദഗ്ധരുടെയും പെരുമാറ്റ ശാസ്ത്രജ്ഞരുടെയും സഹായം ഞങ്ങൾ തുടർന്നും തേടുന്നുണ്ട്.
നിയമപാലകർ, കുടുംബാംഗങ്ങൾ, മാനസികാരോഗ്യ വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവർക്കൊപ്പം AI കമ്പനികൾക്കും സവിശേഷമായൊരു പങ്ക് വഹിക്കാനുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു; കാരണം, യഥാർത്ഥ ലോകത്ത് സ്വാധീനം ചെലുത്താനും സാഹചര്യങ്ങൾ വിലയിരുത്താനും കൃത്യമായ അധികാരം കൈയ്യാളാനും അവർക്കാണ് സാധിക്കുക. ഞങ്ങളുടെ സംവിധാനങ്ങൾ നിരന്തരം കൂടുതൽ ശക്തമാക്കിക്കൊണ്ടും, ഞങ്ങൾ മനസ്സിലാക്കുന്ന കാര്യങ്ങൾ പങ്കുവെച്ചുകൊണ്ടും പ്രായോഗിക സാഹചര്യങ്ങളിൽ കൃത്യമായി ഇടപെടാൻ കഴിയുന്നവരുമായി നേരിട്ട് സഹകരിച്ച് പ്രവർത്തിച്ചുകൊണ്ടും ഈ പങ്കാളിത്തം പരമാവധി പ്രയോജനപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
വ്യക്തികളെയും സമൂഹങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾ സ്വീകരിക്കുന്ന നടപടികൾ നിരന്തരം ശക്തിപ്പെടുത്തുന്നു. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ നിർമ്മിക്കുക എന്നതിനൊപ്പം തന്നെ, അവ എത്രത്തോളം ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്നും അവ കൂടുതൽ മെച്ചപ്പെടുത്താൻ ഞങ്ങൾ എന്തൊക്കെയാണ് ചെയ്യുന്നതെന്നും സുതാര്യമായി വ്യക്തമാക്കുക എന്നതും ഇതിൽ ഉൾപ്പെടുന്നു. ഞങ്ങളുടെ സമീപനം, ഞങ്ങളുടെ മോഡലുകൾ ഹാനികരമായ പെരുമാറ്റം എങ്ങനെ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നു, പ്രായോഗികമായി ഞങ്ങൾ കാണുന്ന അപകടസാധ്യതകൾ, അവ പരിഹരിക്കാൻ ഞങ്ങൾ സ്വീകരിക്കുന്ന നടപടികൾ എന്നിവയെക്കുറിച്ച് ആളുകൾക്ക് വ്യക്തമായ ധാരണ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
അക്രമം തടയൽ, സമൂഹ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഞങ്ങളുടെ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തി എന്നിവയെക്കുറിച്ചുള്ള കമ്മ്യൂണിറ്റി സുരക്ഷാ റിപ്പോർട്ട് പുറത്തിറക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ കണ്ടെത്താനും അന്വേഷിക്കാനും അതിനോട് പ്രതികരിക്കാനും ഞങ്ങളുടെ സംവിധാനങ്ങളെ ഞങ്ങൾ എങ്ങനെയാണ് പരിശീലിപ്പിക്കുന്നത് എന്ന് ഈ റിപ്പോർട്ടിൽ വിശദീകരിക്കും. അക്രമങ്ങളുമായി ബന്ധപ്പെട്ട ദോഷകരമായ പ്രവർത്തനങ്ങൾ എങ്ങനെയെല്ലാമാണ് മാനിഫെസ്റ്റ് ചെയ്യുന്നത് എന്നതിന്റെയും അതിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കുന്ന കാര്യങ്ങളുടെയും വ്യക്തിവിവരങ്ങൾ ഒഴിവാക്കിയുള്ള ഉദാഹരണങ്ങൾ ഞങ്ങൾ പങ്കുവെക്കും; അതോടൊപ്പം, പുതിയ സുരക്ഷാ നടപടികളും നയപരമായ മാറ്റങ്ങളും വ്യക്തമാക്കുകയും ഈ കണ്ടെത്തലുകളെ പിന്തുണയ്ക്കുന്ന പ്രസക്തമായ വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും.
ഞങ്ങൾ ഞങ്ങളുടെ ആദ്യ റിപ്പോർട്ട് 2027-ന്റെ തുടക്കത്തിൽ പ്രസിദ്ധീകരിക്കും, 2026-ന്റെ രണ്ടാം പകുതിയിലെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഈ റിപ്പോർട്ടിന് ശേഷം, ഓരോ ആറ് മാസം കൂടുമ്പോഴും ഇത് പുതുക്കി പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഉപദ്രവകരമാകാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ ഞങ്ങൾ എങ്ങനെയാണ് തിരിച്ചറിയുന്നതും അവലോകനം ചെയ്യുന്നതും അതിനോട് പ്രതികരിക്കുന്നതും എന്നതിനെക്കുറിച്ചുള്ള അർത്ഥവത്തായ കണ്ടെത്തലുകൾ പങ്കുവെക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
അക്രമം ആസൂത്രണം ചെയ്യാനോ നടപ്പാക്കാനോ സഹായിക്കുന്ന നിർദേശങ്ങൾ നൽകാതിരിക്കാൻ ഞങ്ങളുടെ മോഡലുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നടന്ന ആൾക്കൂട്ട ആക്രമണങ്ങളെയും അവയ്ക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെക്കുറിച്ചുമുള്ള ചോദ്യങ്ങളോട് ChatGPT എങ്ങനെ പ്രതികരിക്കണം എന്നതിലേക്ക് ഞങ്ങൾ ഇപ്പോൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഇത്തരം വിഷയങ്ങളിൽ, മറ്റ് ഓൺലൈൻ സ്രോതസ്സുകളിൽ വിവരങ്ങൾ ലഭ്യമാണെങ്കിൽ പോലും, വളരെ കുറഞ്ഞ വിശദാംശങ്ങൾ മാത്രം നൽകാൻ മോഡലിന് നിർദ്ദേശം നൽകുന്നു. ആളുകൾക്ക് ഈ സംഭവങ്ങളെക്കുറിച്ചും, ഇരകളെയും സമൂഹത്തെയും ഇത് എങ്ങനെയെല്ലാം ബാധിച്ചുവെന്ന് മനസ്സിലാക്കാനും അപകടസൂചനകൾ തിരിച്ചറിയുന്നതിനെക്കുറിച്ചും ഭാവിയിലെ അക്രമങ്ങൾ തടയുന്നതിനെക്കുറിച്ചും പഠിക്കാനും ChatGPT‑യോട് ചോദിക്കാൻ സാധിക്കേണ്ടതുണ്ട്. എന്നാൽ മുൻകാല ആൾക്കൂട്ട ആക്രമണങ്ങളെ പുനർനിർമ്മിക്കുന്ന രീതിയിലുള്ള വിവരങ്ങൾ, ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെയും ഉപകരണങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ, അവ എങ്ങനെ കൈക്കലാക്കി എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ, അക്രമികളുടെ കുപ്രസിദ്ധി വർദ്ധിപ്പിക്കുന്ന തരത്തിൽ ജീവഹാനിയുടെ തോത് താരതമ്യം ചെയ്യുന്ന വിശദമായ വിശകലനങ്ങൾ എന്നിവ നിയന്ത്രിക്കാൻ ഞങ്ങൾ ഞങ്ങളുടെ നയങ്ങൾ കൂടുതൽ കർശനമാക്കുകയാണ്. ഉപഭോക്താവിന്റെ പ്രായമോ ചോദിക്കുന്നതിനുള്ള കാരണമോ എന്തുതന്നെയായാലും ഈ നിയന്ത്രണങ്ങൾ ഒരുപോലെ ബാധകമായിരിക്കും.
ഒറ്റനോട്ടത്തിൽ സാധാരണയെന്ന് തോന്നുന്ന ഒരു ചോദ്യം, തൊട്ടുമുമ്പ് നടന്ന സംഭാഷണങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ മറ്റൊരു അർത്ഥം കൈവരിച്ചേക്കാം. മുൻകാല സംഭാഷണങ്ങളിലെ അപായസൂചനകളുടെ ലളിതവും വസ്തുതാപരവുമായ സംഗ്രഹങ്ങൾ ഉപയോഗിച്ച്, പിന്നീടുള്ള ചാറ്റുകളിൽ കൂടുതൽ ജാഗ്രതയോടെ മറുപടി നൽകാൻ ChatGPT‑യ്ക്ക് എങ്ങനെ സാധിക്കുമെന്ന് മെയ് മാസത്തിൽ ഞങ്ങൾ പങ്കുവെച്ചിരുന്നു. ഈ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിച്ചുകൊണ്ട്, സമീപകാല ചാറ്റുകളിൽ അക്രമസാധ്യതയുടെ അപായസൂചനകൾ കാണുകയാണെങ്കിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള വിവരങ്ങൾ പങ്കുവെക്കുന്ന കാര്യത്തിൽ ChatGPT ഇനിമുതൽ കൂടുതൽ നിയന്ത്രണങ്ങളോടെ മാത്രമേ പ്രതികരിക്കുകയുള്ളൂ. കൂടാതെ, ഒരാൾക്ക് 18 വയസ്സിൽ താഴെയാണെന്ന് സിസ്റ്റം കണക്കാക്കുകയാണെങ്കിൽ, അവരുടെ ചാറ്റുകളിൽ അക്രമവാസനയുടെ യാതൊരു സൂചനകളും ഇല്ലെങ്കിൽപോലും ഇത്തരം കർശനമായ നിയന്ത്രണങ്ങൾ ബാധകമാക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങളിപ്പോൾ.
നയങ്ങൾ ലംഘിച്ചുകൊണ്ട് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ഞങ്ങൾ കണ്ടെത്തുന്ന അക്കൗണ്ടുകൾ ഞങ്ങൾ നിരോധിക്കുന്നു. കൂടുതൽ വേഗത്തിൽ ഇടപെടുന്നതിനായുള്ള കൂടുതലായ സ്വയമേവയുള്ള മാർഗങ്ങൾ കണ്ടെത്താൻ മാനസികാരോഗ്യ വിദഗ്ധരുമായും അക്രമം തടയുന്നതിലെ വിദഗ്ധരുമായും ഞങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നു. അക്രമത്തിലോ മറ്റൊരാളെ ഗുരുതരമായി പരിക്കേൽപ്പിക്കണമെന്ന ആശയത്തിലോ ഒരാളുടെ ചിന്തകൾ നിരന്തരം കേന്ദ്രീകരിക്കുന്നതിന്റെ സൂചനകൾ സംഭാഷണത്തിൽ കണ്ടാൽ, ആ പ്രവണത അപ്പോൾത്തന്നെ തടസ്സപ്പെടുത്താൻ ChatGPT‑യ്ക്ക് സംഭാഷണം സ്വയം അവസാനിപ്പിക്കാനാകും. ഈ കാരണത്താൽ ChatGPT ഒന്നിലധികം സംഭാഷണങ്ങൾ അവസാനിപ്പിച്ചാൽ, ഞങ്ങൾ അക്കൗണ്ട് താൽക്കാലികമായി നിർത്തിവെച്ചേക്കാം. ഇതൊരു തുടർച്ചയായ ശ്രമമാണ്; മുന്നറിയിപ്പിന്റെ സൂചനകൾ വിശ്വസനീയമായി തിരിച്ചറിയുന്നതും എപ്പോൾ, എങ്ങനെ ഇടപെടണമെന്ന് നിർണ്ണയിക്കുന്നതും ഉൾപ്പെടെയുള്ള സാങ്കേതികവും പ്രായോഗികവുമായ സംരക്ഷണ നടപടികൾ ശക്തിപ്പെടുത്തുകയും അവയിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് ഞങ്ങൾ തുടരുന്നു.
ChatGPT for Teens സെൻസിറ്റീവ് ആയ ഉള്ളടക്കങ്ങൾ കാണാനുള്ള സാധ്യത കുറയ്ക്കുന്നതിനായി 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് പ്രായത്തിനനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങളും കൂടുതൽ ശക്തമായ സംരക്ഷണ നടപടികളും അധിക നിയന്ത്രണങ്ങളും നടപ്പിലാക്കുന്നുണ്ട്. ഒരു ചോദ്യം ഒറ്റനോട്ടത്തിൽ അപകടകരമല്ലെന്ന് തോന്നിയാൽ പോലും, കൗമാരക്കാർക്ക് ലഭിക്കുന്ന തോക്കുകളും ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഞങ്ങൾ ഇപ്പോൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.
ഞങ്ങളുടെ നയങ്ങൾ ഇതിനകം തന്നെ അക്രമങ്ങൾ ആസൂത്രണം ചെയ്യാനോ നടപ്പാക്കാനോ ആരെയെങ്കിലും സഹായിക്കുന്നത് വിലക്കുന്നുണ്ട്; ഒപ്പം കൗമാരക്കാർ ആയുധങ്ങൾ കണ്ടെത്തുന്നതിനോ കൈക്കലാക്കുന്നതിനോ സഹായിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് അക്രമവാസനയുള്ള താൽപ്പര്യങ്ങൾ ഇല്ലെങ്കിൽ പോലും, അക്രമങ്ങൾക്ക് ആക്കം കൂട്ടാൻ ദുരുപയോഗം ചെയ്യപ്പെടാനിടയുള്ള ആയുധങ്ങളെയും സുരക്ഷാ സംവിധാനങ്ങളെയും കുറിച്ചുള്ള പ്രായോഗിക വിവരങ്ങൾ നിയന്ത്രിക്കുന്നതിനായി ഞങ്ങൾ ഈ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ വ്യാപിപ്പിക്കുകയാണ്. അതേസമയം, അക്രമങ്ങൾ തടയുന്നതിനും അവ ലഘൂകരിക്കുന്നതിനും സഹായം തേടുന്നതിനും വിശ്വസ്തനായ ഒരു മുതിർന്ന വ്യക്തിയുമായി ബന്ധപ്പെടുന്നതിനും കൗമാരക്കാർക്ക് ChatGPT തുടർന്നും ഉപയോഗിക്കാവുന്നതാണ്.
കഴിഞ്ഞ വർഷം ഞങ്ങൾ പ്രായം കണക്കാക്കുന്ന സംവിധാനം അവതരിപ്പിച്ചു. ഇത് പെരുമാറ്റരീതികൾ പോലുള്ള വിവിധ സൂചനകൾ വിശകലനം ചെയ്ത് ഒരു ഉപയോക്താവിന് 18 വയസ്സിൽ താഴെയാണോ അതിലധികമാണോ എന്ന് കണക്കാക്കുന്നു. ആളുകൾ ChatGPT ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന പുതിയ സൂചനകൾ തുടർച്ചയായി വിലയിരുത്തുന്നതിനും, ആവശ്യമെന്ന് കാണുന്ന പക്ഷം കൗമാരക്കാരെ 18 വയസ്സിൽ താഴെയുള്ളവർക്കായുള്ള സുരക്ഷിത വിഭാഗത്തിലേക്ക് മാറ്റുന്നതിനുമായി ഞങ്ങൾ ഞങ്ങളുടെ ഈ പ്രായം കണക്കാക്കുന്ന സംവിധാനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. തെറ്റായ കണക്കുകൂട്ടലുകൾ കാരണം 18 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഉൾപ്പെട്ടുപോയ ഉപഭോക്താക്കൾക്ക്, തങ്ങൾ മുതിർന്നവരാണെന്ന് സ്ഥിരീകരിക്കുന്നതിനും കൗമാരക്കാർക്കായുള്ള അധിക നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനുമായി ഞങ്ങളുടെ പ്രായം കണക്കാക്കുന്ന സംവിധാനത്തിന്റെ പങ്കാളിയായ Persona വഴി വേഗതയേറിയതും സ്വകാര്യത സംരക്ഷിക്കുന്നതുമായ ഒരു മാർഗ്ഗം എപ്പോഴും ലഭ്യമായിരിക്കും.
ഞങ്ങളുടെ പേരന്റൽ കണ്ട്രോളുകൾ വഴി രക്ഷിതാക്കൾക്ക് തങ്ങളുടെ ChatGPT അക്കൗണ്ടുകൾ കൗമാരക്കാരായ മക്കളുടെ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാനും സുരക്ഷാക്രമീകരണങ്ങൾ ഒരുമിച്ച് നിയന്ത്രിക്കാനും കഴിയും. ഈ രീതിയിൽ ബന്ധിപ്പിച്ച അക്കൗണ്ടുകളിൽ, ഗുരുതരമായ സ്വയം ഉപദ്രവിക്കൽ പ്രവണതകളോ അമിതമോ അല്ലാത്തതോ ആയ ഭക്ഷണക്രമ വൈകല്യങ്ങളുമായി ബന്ധപ്പെട്ട പെരുമാറ്റങ്ങളോ പ്രത്യേകം പരിശീലനം ലഭിച്ച അവലോകകർ കണ്ടെത്തുകയാണെങ്കിൽ രക്ഷിതാക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുകൾ ലഭിക്കുന്നതാണ്. ആക്രമവുമായി ബന്ധപ്പെട്ട ഞങ്ങളുടെ ഉപയോഗ നയങ്ങൾ ലംഘിച്ചതിനെ തുടർന്ന് മക്കളുടെ അക്കൗണ്ട് റദ്ദാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരം മാതാപിതാക്കളെ അറിയിക്കുന്നതിനായി കഴിഞ്ഞ ജൂലൈയിൽ ഞങ്ങൾ ഈ മുന്നറിയിപ്പ് സംവിധാനം വിപുലീകരിച്ചിരുന്നു. മുകളിൽ വിശദീകരിച്ചത് പോലെ, അക്രമത്തെക്കുറിച്ച് ആവർത്തിച്ച് സംസാരിച്ചതിന്റെ പേരിൽ മക്കളുടെ അക്കൗണ്ട് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെങ്കിൽ ആ വിവരവും രക്ഷിതാക്കൾക്ക് അറിയിപ്പായി നൽകാനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ തയ്യാറാക്കിവരികയാണ്.
ലോകത്ത് നടമാടുന്ന അക്രമസംഭവങ്ങൾ പല കാരണങ്ങൾക്കൊണ്ടും ഹൃദയഭേദകവും സങ്കീർണവുമാണ്. മനുഷ്യന്റെ പെരുമാറ്റരീതികളിലെ സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന ശക്തമായ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിവ. AI സംവിധാനങ്ങളിൽ അക്രമങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ സുരക്ഷാ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിന്, അപകടസാധ്യതകൾ തിരിച്ചറിയുന്നതിലും അതിനോട് കൃത്യമായി പ്രതികരിക്കുന്നതിലും ഉണ്ടാകുന്ന പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. ഞങ്ങൾ ലക്ഷ്യമിടുന്ന ഇത്തരം സുരക്ഷാ ക്രമീകരണങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനായി ഞങ്ങൾ തുടർന്നും നിക്ഷേപങ്ങൾ നടത്തുകയും മാറ്റങ്ങൾ വരുത്തുകയും അതിൽ നിന്ന് മനസ്സിലാക്കുന്ന കാര്യങ്ങൾ പങ്കുവെക്കുകയും ചെയ്യും. ഇവിടെ വിശദീകരിച്ചിട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ വരും ആഴ്ചകളിൽ ലഭ്യമായിത്തുടങ്ങുന്നതാണ്, ഒപ്പം ഇവ കൂടുതൽ മെച്ചപ്പെടുത്തുന്നത് ഞങ്ങൾ തുടരുകയും ചെയ്യും. ChatGPT‑യിലെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും, ഞങ്ങളുടെ ബഹുതല സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനും, ദുരുപയോഗങ്ങൾ നിരീക്ഷിക്കുന്നതിനും, ഞങ്ങളുടെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും, ഒപ്പം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ പ്രായോഗിക തലത്തിലുള്ള പിന്തുണയും ഇടപെടലുകളും ഉറപ്പാക്കുന്നതിനും ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ്.


